മലപ്പുറം: ജില്ലയുടെ വികസനത്തിനായി കോടികളുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പി.കെ. ബഷീർ. മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകവേയാണ് മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് മന്ത്രി പറഞ്ഞത്.
മലപ്പുറത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബൃഹത്തായ പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 100 കോടി രൂപ ചെലവിൽ മലപ്പുറം റോഡ് വികസനവും നഗര സൗന്ദര്യവത്കരണവും നടപ്പാക്കും.
75 കോടി രൂപ ചെലവിൽ മഞ്ചേരി സിറ്റി റോഡ് നവീകരണം, 350 കോടി രൂപ ചെലവിൽ പെരിന്തൽമണ്ണ - പാലക്കാട് ബൈപ്പാസ്, ദേശീയപാത 66-ഉമായി ബന്ധിപ്പിക്കുന്ന 260 കോടി രൂപയുടെ വേങ്ങര ഫ്ളൈഓവർ, മലപ്പുറം കളക്ടറേറ്റ് വളപ്പിൽ 80 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലപ്പുറം റവന്യു ടവർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ തുടങ്ങിയ കേന്ദ്രങ്ങളിൽ ഗൾഫ് മാതൃകയിൽ ജംഗ്ഷനുകൾ നവീകരിക്കും. കൊണ്ടോട്ടി മോങ്ങത്ത് ബൈപാസിനായുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും പൊന്നാനി -കുറ്റിപ്പുറം, കോട്ടക്കൽ- മഞ്ചേരി, അരീക്കോട് -എടവണ്ണ- ഉൗട്ടിപാത ദേശീയപാതയായി ഉയർത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽനിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കായിക, ആരോഗ്യ, ടൂറിസം മേഖലകളിലും വലിയ കുതിച്ചുചാട്ടത്തിനാണ്
ജില്ല ഒരുങ്ങുന്നത്. മലപ്പുറത്തിന്റെ ഫുട്ബോൾ പാരന്പര്യത്തിനും കായിക പ്രതിഭകൾക്കും പിന്തുണയേകി 100 കോടി രൂപ ആദ്യഘട്ട വിഹിതത്തോടെ ലോകോത്തര ഫുട്ബോൾ അക്കാഡമി സ്ഥാപിക്കും.
മലപ്പുറം ജില്ലാ ആസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാൻസർ ആശുപത്രിയും പൊന്നാനി, നിലന്പൂർ, ചാലിയാർ എന്നീ പ്രദേശങ്ങളെ സമഗ്രമായി ബന്ധിപ്പിച്ച് പുതിയ ടൂറിസം സർക്യൂട്ടും നടപ്പാക്കും.
മലപ്പുറത്തിനും മലബാറിനും പരിഗണന നൽകുന്ന പുതുയുഗ വികസന പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും നാടിന്റെ വികസന പദ്ധതികൾക്കായി സ്ഥലം നൽകുന്നതിലും നിർമാണ പ്രവർത്തനങ്ങളിലും ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.